ഹ്രസ്വ ചരിത്രം

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഹ്രസ്വ ചരിത്രം

      1992 മെയ് മാസം 14ന് കേരളത്തിലെ സർവീസ് പെൻഷൻകാരുടെ അവകാശസമ്പാദനത്തിനുള്ള ഉപകരണമെന്ന നിലയ്ക്ക് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ രൂപീകൃതമായി.

       കേരളപ്പിറവിക്കുശേഷമാണ് പെൻഷൻ സംഘടനകൾ രൂപീകൃതമാവുന്നത്. 1956ൽ രൂപീകൃതമായ അഖിലകേരള പെൻഷനേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) തിരുവനന്തപുരം കേന്ദ്രമായി. ഇതാണ് ആദ്യ സംഘടന. 1956ൽ തന്നെ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ കേന്ദ്രമായി പെൻഷനേഴ്സ് അസോസിയേഷൻ രൂപപ്പെട്ടു. പ്രവർത്തനം കൊച്ചി മേഖലയായിരുന്നു. മൂന്നാമതായി രൂപംകൊണ്ട സംഘടനയാണ് റിട്ടയേർഡ് ടീച്ചേഴ്സ് യൂണിയൻ. തുടർന്ന് 1974ൽ  തിരുവല്ല കേന്ദ്രമായി അഖില കേരള പെൻഷനേഴ്സ് ഫെഡറേഷൻ രൂപീകരിച്ച്  കണ്ണൂർ, കോഴിക്കോട് ജില്ലകളിലും വടകരയിലും പ്രവർത്തനം നടത്തി. എ.കെ.പി.എഫിൽ നിന്നും തെറ്റിപ്പിരിഞ്ഞ്  ആലപ്പുഴ ജില്ലയിലെ ചില പ്രവർത്തകർ രൂപീകരിച്ച സംഘടനയാണ് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് ഓർഗനൈസേഷൻ. ശ്രീ മുത്തുസ്വാമി പിള്ള നേതാവായി ചിറയിൻകീഴ് കേന്ദ്രമാക്കി കെ.എസ്.എസ്.പി.എ രൂപീകൃതമായി. ഏക സംഘടന എന്ന ലക്ഷ്യംവെച്ച് 1985 ൽ  തിരുവിതാംകൂർ പ്രദേശത്തെ പെൻഷൻ സംഘടനകളുടെ ഒരു പൊതു വേദി രൂപംകൊണ്ടു. കേരള സർവീസ് പെൻഷനേഴ്സ് ഏകോപനസമിതി എന്നായിരുന്നു അതിന്റെ പേര്. ഏകോപന സമിതിയിൽ അംഗങ്ങളായിരുന്ന സംഘടനകൾ എല്ലാം ചേർന്ന് കേരള സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്സ് സമാജ്  രൂപീകരിച്ചു. എ.കെ.പി.എഫ്, കെ.എസ്.പി.എ, കെ.എസ്.പി.യു,  എ.കെ.പി.എ, സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ കേരള എന്നീ 5 സംഘടനകൾ ലയിച്ച് കേരള സർവീസ് പെൻഷനേഴ്സ് സമാജ്  രൂപംകൊണ്ടു. 1982ലാണ് കെ.എസ്.എസ്.പി.എ രൂപംകൊണ്ടത്. 1956 മുതൽ കൊടുങ്ങല്ലൂരിൽ പ്രവർത്തിച്ചിരുന്ന പെൻഷനേഴ്സ് അസോസിയേഷൻ, 1970-കളിൽ തൃശ്ശൂർ മേഖലയിൽ രൂപംകൊണ്ട ചെറുഗ്രൂപ്പുകളും   യോജിച്ച് തൃശ്ശൂർ കേന്ദ്രമായി കെ.എസ്.എസ്.പി.എ രൂപീകൃതമായി. മലബാർ, തിരുവിതാംകൂർ മേഖലയിലും പ്രവർത്തനം വ്യാപിപ്പിച്ചു. ജനാധിപത്യ സ്വാതന്ത്ര്യങ്ങളും പൗര സ്വാതന്ത്ര്യങ്ങളും നിഷേധിച്ച കാലഘട്ടങ്ങൾ താണ്ടിവന്ന ട്രേഡ് യൂണിയൻ സംഘടനകളും,  മറ്റു സർവീസ്, സേവന സംഘടനകളും ഐക്യത്തിന്റെ അനിവാര്യത ബോധ്യപ്പെട്ടതിനെ തുടർന്ന് ഏകീകൃത സംഘടന എന്ന ആശയത്തിലേക്ക് എത്തപ്പെട്ടു.

കെ.എസ്.എസ്.പി.യു.  രൂപീകൃതമാകുന്നു.

       ഒരു വർഷത്തെ വിവിധ തലകൂടിയാലോചനകൾക്ക് ശേഷം 1992 മാർച്ച് 10ന് കെ.എസ്.എസ്.പി.എ., കെ.എസ്.പി.എസ്.  സംഘടനകൾ സംയോജന പ്രഖ്യാപനങ്ങൾ നടത്തി. തുടർന്ന് യൂണിറ്റ്, ബ്ലോക്ക് ജില്ലാതലങ്ങളിൽ സംയോജന പ്രക്രിയ കേവലം രണ്ട് മാസംകൊണ്ട് പൂർത്തിയാക്കി. 1992 മെയ് 12, 13, 14 തീയതികളിൽ തിരുവനന്തപുരത്ത് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ കെ.എസ്.എസ്.പി.യു. രൂപീകൃതമായി. തുടർന്ന് കെ.എസ്.എസ്.പി.ഒ.  എന്ന സംഘടനകൂടി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയനിൽ  ലയിച്ചു. പെൻഷൻ സമൂഹം ആവേശത്തോടെയാണ് സംഘടനയെ സ്വീകരിച്ചത്. യൂണിറ്റ്, ബ്ലോക്ക്, ജില്ലാ,  സംസ്ഥാന തലങ്ങളിൽ യാതൊരു അഭിപ്രായ വ്യത്യാസമില്ലാതെയാണ് നേതൃത്വത്തെ തെരഞ്ഞെടുത്തത്. 1,06,508 അംഗങ്ങളുമായി പ്രവർത്തനമാരംഭിച്ച ഈ ഐക്യപ്രസ്ഥാനം കഴിഞ്ഞ 28 വർഷത്തെ പ്രവർത്തന ഫലമായി 331553 അംഗങ്ങളും 1457 യൂണിറ്റുകളും 236 ബ്ലോക്ക് കമ്മിറ്റികളും 14 ജില്ലാ കമ്മിറ്റികളുമായി അതിന്റെ പ്രയാണം അസൂയാര്‍ഹമായ രീതിയിൽ തുടരുന്നു. ജാതി, മത,  വർഗ്ഗ, വർണ്ണ,  പ്രാദേശിക, ലിംഗ, പദവി,  സാമ്പത്തിക  വ്യത്യാസമില്ലാതെ പ്രയാണം തുടരുന്ന ഈ സംഘടന മറ്റെല്ലാവർക്കും മാതൃകയാണ്.

      സ്ഥാപക ട്രഷറർ പി.എസ് അബ്ദുൾ  ഖാദർ നമ്മോടൊപ്പമില്ല. സ്ഥാപക സംസ്ഥാന പ്രസിഡന്റ് ശ്രീ. പി. ചിത്രൻ നമ്പൂതിരിപ്പാട്,  സ്ഥാപക ജനറൽ സെക്രട്ടറി ശ്രീ. വി. ചാക്കോ എന്നിവർ ഇപ്പോഴും ഞങ്ങൾക്ക് വഴികാട്ടി തന്നുകൊണ്ട് ഞങ്ങളോടൊപ്പമുണ്ട് എന്നത് തികച്ചും അഭിമാനകരവും ചാരിതാർത്ഥ്യ ജനകവുമാണ്.