ഐക്യവും മൈത്രിയും കാലഘട്ടത്തിന്റെ ആവശ്യം


പെൻഷൻകാരുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുമ്പോൾതന്നെ സാമൂഹ്യ പ്രതിബദ്ധത നാം വിസ്മരിക്കാറില്ല. അടിസ്ഥാന വർഗ്ഗത്തിന്റെ മോചനത്തിനുവേണ്ടി ശബ്ദമുയർത്തുമ്പോൾ തന്നെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് നികത്തുന്നതിനുമുപരി, ഉള്ളവനെന്നും ഇല്ലാത്തവനെന്നും രണ്ടു വർഗം ഈ രാജ്യത്ത് ഉണ്ടാകരുതെന്ന് നാം ആഗ്രഹിക്കുന്നു. ഇത് സമൂഹത്തോടുള്ള ഐക്യം സൂചിപ്പിക്കുന്നതാണ്. പെൻഷൻകാർ ഒറ്റക്കെട്ടായി നിൽക്കേണ്ട ഒരു കാലഘട്ടമാണിത്........

ഇന്നത്തെ ദിവസത്തിന് (27-12-19) ഒരു പ്രത്യേകതയുണ്ട് 2019 ആഗസ്റ്റിലുണ്ടായ പ്രളയക്കെടുതിയിൽ സർവ്വതും നഷ്ടപ്പെട്ട കേരളത്തിലെ നമ്മുടെ സഹോദരങ്ങളെ സഹായിക്കുവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നാലു കോടി പതിനഞ്ച് ലക്ഷത്തി അൻപതിനായിരം (4,15,50,000) രൂപ മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾക്ക് നേരിട്ട് കേരളാ സ്റ്റേറ്റ് സർവീസ് പൻഷനേഴ്സ് യൂണിയൻ സംസ്ഥാന ഭാരവാഹികൾ നൽകിയ ദിവസമാണ് .ഒട്ടേറെ പെൻഷൻകാർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും, വളരെയേറെ സഹായങ്ങൾ സംഭവസ്ഥലത്തുവച്ചുതന്നെ നൽകുകയും, ട്രഷറികളിൽ നേരിട്ട് സംഭാവനകൾ കൊടുത്തതിനും പുറമെയാണിത്. 2018-ൽ ഉണ്ടായ മഹാപ്രളയത്തിൽ 17 കോടി 57 ലക്ഷത്തി അൻപതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ക്ലിപ്ത വരുമാനക്കാരായ സർവീസ് പെൻഷൻകാർ സംഭാവന നൽകിയ കാര്യവും ഓർത്തു പോവുകയാണ്.

പെൻഷൻകാരുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുമ്പോൾതന്നെ സാമൂഹ്യ പ്രതിബദ്ധത നാം വിസ്മരിക്കാറില്ല. അടിസ്ഥാന വർഗ്ഗത്തിന്റെ മോചനത്തിനുവേണ്ടി ശബ്ദമുയർത്തുമ്പോൾ തന്നെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് നികത്തുന്നതിനുമുപരി, ഉള്ളവനെന്നും ഇല്ലാത്തവനെന്നും രണ്ടു വർഗം ഈ രാജ്യത്ത് ഉണ്ടാകരുതെന്ന് നാം ആഗ്രഹിക്കുന്നു. ഇത് സമൂഹത്തോടുള്ള ഐക്യവും മൈത്രിയും സൂചിപ്പിക്കുന്നതാണ്. പെൻഷൻകാർ ഒറ്റക്കെട്ടായി നിൽക്കേണ്ട ഒരു കാലഘട്ടമാണിത്, 1992-ൽ ഈ ഐക്യപ്രസ്ഥാനം  രൂപം കൊള്ളുമ്പോൾ നാം സ്വീകരിച്ച മുദ്രാവാക്യം “നാം ഒരു കുടുംബം'' ഐക്യത്തോടെ മുന്നോട്ട് എന്നുള്ളതാണ്. ജാതിമത വർഗ വർണ പ്രാദേശിക ലിംഗ വ്യത്യാസമില്ലാതെ കക്ഷി രാഷ്ട്രീയത്തിനതീതമായി ഒത്താരുമയോടെ പ്രവർത്തിക്കുമെന്ന് നാം പ്രഖ്യാപിച്ചു. പാർട്ട് ടൈം സ്വീപ്പർ മുതൽ ഗവൺമെന്റ് സെക്രട്ടറിമാർവരെ സംഘടനയിൽ അംഗങ്ങളാകുന്നു. എല്ലാവരേയും  ഓരേ നിലയിൽ നോക്കിക്കാണുവാനും പ്രവർത്തനത്തിന്‍റെയും കൂറിന്‍റെയും ആത്മാർത്ഥതയുടേയും അടിസ്ഥാനത്തിൽ ആർക്കും ഏതു പദവിയിലേക്കും കടന്നുവരുവാനും കെ.എസ്.എസ്.പി.യു.വിൽ അവസരമുണ്ട്. നിർഭാഗ്യവശാൽ ചില പെൻഷൻ സുഹൃത്തുക്കൾ വിഭാഗീയ ചിന്തകൾക്കടിമപ്പെട്ട് തികച്ചും രാഷ്ട്രീയ പ്രേരിതമായി ഒറ്റപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത് ഐക്യവും മൈത്രിയും തകർക്കുന്ന പരിപാടിയാണ്. മതത്തിന്റെ അടിസ്ഥാനത്തിലും, പ്രാദേശിക തലത്തിലും ഒക്കെ ചിലർ ചെറിയ സംഘടനകൾക്ക് രൂപം കൊടുക്കുന്നു. ഇവരെല്ലാം ആരെ സഹായിക്കുവാനാണെന്ന് വ്യക്തമാക്കണം, പെൻഷൻകാരുടെ താല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുകയാണ് ലക്ഷ്യമെങ്കിൽ, ഒറ്റപ്പെട്ടപോരാട്ടം എങ്ങുമെത്തുകയില്ല എന്നുള്ള കാര്യം അവർ ഓർക്കണം, 1992-നു മുമ്പുണ്ടായിരുന്ന പെൻഷൻ സംഘടനകളുടെ ചരിത്രം ഏവരും ഓർത്തിരിക്കുന്നത് നന്ന്. ഒട്ടേറെ കൊച്ചു കൊച്ചു സംഘടനകൾ പ്രാദേശികമായും കാറ്റഗറിയുടെ അടിസ്ഥാനത്തിലും, വകുപ്പ് തലത്തിലും ഒക്കെ ആ കാലഘട്ടത്തിലുണ്ടായിരുന്നു. ഒരേ ആവശ്യത്തിനുവേണ്ടി വെവ്വേറെ നിവേദനങ്ങളുമായി അവർ സർക്കാരിനെ സമീപിച്ചപ്പോൾ അന്നത്തെ മുഖ്യമന്തി കെ.കരുണാകരൻ തന്നെ സംഘടനാ നേതാക്കളോട് ആയതിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുകയും ഒന്നിച്ചണിനിരക്കുവാനും ഒറ്റ സംഘടനയായി രൂപപ്പെടാൻ കഴിയില്ലേ എന്നും ചോദിച്ച സംഭവങ്ങളും ഓർമ്മയിൽ കടന്നുവരുന്നു. അപ്പോഴാണ് സംഘടനാ നേതാക്കളുടെ കണ്ണു തുറന്നത്. ഇന്ന് വേറിട്ട പ്രവർത്തനങ്ങളുമായി പോകുന്ന കെ.എസ്.എസ്.പി.എ. എന്ന പ്രസ്ഥാനത്തിന്റെ അന്നത്തെ പ്രസിഡന്റായിരുന്ന പി. ചിത്രൻ നമ്പൂതിരിപ്പാട് ഉൾപ്പെടെ യുള്ളവർ മുൻകയ്യെടുത്താണ് പ്രമുഖ സംഘടനകളായ കെ.എസ്.എസ്,പി.എ., കെ.എസ്.എസ്.പി.എസ്, എന്നീ സംഘടനകൾ സംയോജിച്ചു കൊണ്ട് കേരളത്തിലെ പെൻഷൻകാരുടെ ആശയും ആവേശവുമായി 1992 - മെയ് മാസം 12,13,14 തീയതികളിൽ തിരുവനന്തപുരത്ത് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന മഹാ സമ്മേളനത്തിൽ കെ.എസ്.എസ്. പി.യു. ജന്മമെടുത്തത്. തുടർന്ന് നിലവിൽ പ്രവർത്തന രംഗത്തുണ്ടായിരുന്ന കെ.എസ്.എസ്.പി.ഒ. എന്ന സംഘടനയും കാലഘട്ടത്തിന്റെ കുളമ്പടിശബ്ദം മനസ്സിലാക്കി കെ.എസ്. എ സ്, പി, യു. വിൽ ലയിച്ചു.ഇതാണ് കെ.എസ്.എസ്.പി, യു.വിന്റെ ജന്മ ചരിത്രം,കഴിഞ്ഞ 28 വർഷക്കാലമായി ഒട്ടേറെ നേട്ടങ്ങൾ പെൻഷൻ സമുഹത്തിന് ലഭ്യമാക്കാൻ കെ.എസ്.എസ്, പി,യു.വിന് കഴിഞ്ഞിട്ടുണ്ട്. പെറ്റുവീണ് 90 തികയുന്നതിനു മുമ്പ് 1-3-1992 പ്രാബല്യത്തിൽ കേന്ദ്ര പാരിറ്റി നടപ്പാക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടത്തിയപ്പോൾ ഒഴിവാക്കപ്പെട്ട് പരിഷ്കരണത്തിനുവേണ്ടി സമരം നടത്തി എണ്ണമറ്റ നേട്ടങ്ങൾ നാം കൈവരിച്ചു. ഇതെല്ലാം നേടിയെടുക്കുവാൻകഴിഞ്ഞത് ഐക്യത്തോടെയുള്ള നമ്മുടെ പ്രവർത്തന ഫലമായിട്ടായിരുന്നു. ശക്തമായ സംഘടനാസംവിധാനം നമുക്കുണ്ട് . പ്രവർത്തനമികവിനു വേണ്ടി ഒട്ടേറെ സ്ഥാവര ജംഗമ സ്വത്തുക്കളും, കർമ്മശേഷിയും സത്യസന്ധതയും ആത്മാർത്ഥതയും പ്രതിബദ്ധതയും ഉള്ള പ്രവർത്തകരും, നേതാക്കന്മാരും ഒക്കെ കെ.എസ്.എസ്.പി,യു.വിന്‍റെ പ്രത്യേകതകളാണ്. പള്ളിവാസലിൽ ഒരു സ്വിച്ചിട്ടാൽ കളിയിക്കാവിള പ്രകാശ പൂരിതമാകുന്നതുപോലെ കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ സംസ്ഥാന കമ്മിറ്റി ഒരു തീരുമാനമെടുത്താൽ മണിക്കൂറുകൾക്കുള്ളിൽ പ്രാവർത്തികമാക്കുവാൻ കഴിവുള്ള സംഘടനാ സംവിധാനമുള്ള പ്രസ്ഥാനമാണ് കെ.എസ്എസിയു. യൂണിറ്റ് തലം മുതൽ സംസ്ഥാന തലം വരെ സ്വന്തമായി സ്ഥലവും ഓഫീസ് കെട്ടിടങ്ങളും, വിശ്രമഭവനുകളും ഒക്കെ നമുക്കുണ്ട്. ഇത്രയും ശക്തമായ ഒരു പ്രസ്ഥാനം പെൻഷൻകാരുടെ ക്ഷേമത്തിനും നേട്ടങ്ങൾക്കും വേണ്ടി കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്ന് പ്രവർത്തിക്കുമ്പോൾ വിഭാഗീയ പ്രവർത്തനങ്ങളുമായി വേറിട്ട് ശബ്ദിക്കുന്നത് പെൻഷൻകാരോട് ചെയ്യുന്ന അപരാധമാണ്. - 1992-ലെ ലയന സമ്മേളനം കെ.എസ്.എസ്.പി.എ.ക്കാർ ഓർക്കണമെന്നാണ് എനിക്ക് സൂചിപ്പിക്കാനുള്ളത്. അതോടുകൂടി കെ.എസ്.എസ്.പി.എ. ഇല്ലാതായി. വീണ്ടും ചില സാങ്കേതികത്വങ്ങൾ ചൂണ്ടിക്കാട്ടി കെ.എസ്.എസ്.പി.എ. നിലവിലുണ്ട് എന്ന് പറയുന്നത് ധാർമ്മികതയ്ക്ക് നിരക്കുന്നതല്ല. അത് കേരളത്തിലെ പെൻഷൻകാർ തിരിച്ചറിയുമെന്ന കാര്യത്തിൽ സംശയമില്ല. കേരള ജനസംഖ്യയുടെ ഏതാണ്ട് ഒന്നര ശതമാനമാണ് പെൻഷൻകാർ. ഇതൊരു വലിയ സംഖ്യയായി ഒരു രാഷ്ട്രീയ പ്രസ്ഥാനവും കണക്കാക്കുകയില്ല. 98.5 ശതമാനം ജനങ്ങൾ പുറത്തുനിൽക്കുകയാണ്. അവരാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശക്തി, അതുകൊണ്ടു തന്നെ അമിതമായ രാഷ്ട്രീയ വിധേയത്വം വച്ചു പുലർത്തുന്നതുകൊണ്ട് വലിയ കാര്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഈ തത്വം മനസ്സിലാക്കിയതുകൊണ്ടാണ് കക്ഷി രാഷ്ട്രീയ ങ്ങൾക്കതീതമായ ഒരു സമീപനം കെഎസ്എസ്പിയു ആദ്യം മുതൽ തന്നെ സ്വീകരിച്ചുപോരുന്നത്.

വിനീതമായ ഒരഭ്യർത്ഥന. രാഷ്ട്രീയ പ്രേരിതമായും മറ്റു തലത്തിലും കൊച്ചു കൊച്ചു സംഘടനകൾക്ക് രൂപം കൊടുത്ത് സർവീസ് പെൻഷൻ മേഖലയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് മുഖ്യധാരയിലേക്ക് വന്നു ചേരുവാൻ തയ്യാറാകണം. രാഷ്ട്രീയം വേറെ സംഘടന വേറെ. ഐക്യത്തോടെ ഒന്നിച്ചുള്ള സംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോൾ തന്നെ അവരവരുടെ രാഷ്ട്രീയ വിശ്വാസങ്ങൾ വച്ചു പുലർത്തുവാൻ ഏവർക്കും അവകാശമുണ്ടെന്നുള്ള കാര്യവും ഓർമ്മിപ്പിക്കുകയാണ്.

ഇനിയും ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കേണ്ടതായിട്ടുണ്ട്. വേറിട്ട് ശബ്ദം ഒന്നിനും പരിഹാരമാവുകയില്ല. തന്നെയുമല്ല അത് നമ്മുടെ വിലപേശൽ ശക്തിയെ ക്ഷയിപ്പിക്കും, അവകാശങ്ങൾ നിഷേധിക്കുവാൻ അധികാരികൾക്ക് കൂടുതൽ ശക്തി പകരും. യാഥാർത്ഥ്യം മനസ്സിലാക്കി ഐക്യവും മൈത്രിയും ഊട്ടിയുറപ്പിച്ചുകൊണ്ട് കൂടുതൽ ഉയരങ്ങളിലേക്ക് നമുക്ക് പറന്നടുക്കാം, 28-ാം സംസ്ഥാന സമ്മേളനം 2020 ഏപ്രിൽ മാസം 20,21,22,23 തീയതികളിൽ വിപുലമായ പരിപാടികളോടെ തൃശൂരിൽ നടക്കുന്നു. പെൻഷൻകാരുടെ പ്രശ്നങ്ങൾ സജീവ ചർച്ചയാകുന്ന വേദി. ഈ കാലഘട്ടത്തിൽ തന്നെ തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “പെൻഷനേഴ്സ് ന്യൂസ്" എന്ന പേരിൽ ഒരു പത്രിക, സ്വാഗത സംഘ രൂപീകരണ ദിനമായ 2019 ഡിസംബർ മാസം 14-ാം തീയതി പ്രസിദ്ധീകരിച്ചതും. തുടർന്ന് പ്രതിമാസ പ്രസിദ്ധീകരണമായി നടത്തിക്കൊണ്ടു പോകുവാൻ തീരുമാനം എടുത്തതുമായ ജില്ലാ കമ്മിറ്റിയെ അഭിനന്ദിക്കുന്നു

Related