മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായ സംഭാവന നൽകുക


കോവിഡ് 19 രോഗവ്യാപനം തടയുന്നതിന് സർക്കാർ ഏറ്റെടുത്ത ശ്രമകരമായ ദൗത്യത്തിൽ ആരോഗ്യപരമായ പരിമിതികളുണ്ടെങ്കിലും സർവീസ്പെൻഷൻ സമൂഹവും പങ്കാളികളാകുന്നു. രോഗപ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പെൻഷൻകാർക്ക് ഫലപ്രദമായി ഇടപെടാനാകും. കൂടുതൽ പേരിൽ വൈറസ്ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ വിദഗ്ദ്ധചികിത്സ ലഭ്യമാക്കാനും നിരീക്ഷണത്തിൽ കഴിയുന്ന ആയിരങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി പുരോഗമിക്കുന്നു. സാമൂഹ്യവ്യാപനത്തിലേക്ക് മാറാനിടയാകാതെ ഈ മഹാവ്യാധിയെ തടയാനുള്ള പ്രവർത്തനങ്ങൾക്ക് സാമ്പത്തിക പ്രായാസം വിഘാതമായികൂടാ.

സുനാമിയുടേയും ഓഖി ചുഴലിയുടേയും രണ്ട് പ്രളയങ്ങളുടേയും ദുരിതകാലം തരണം ചെയ്യുന്നതിന് പെൻഷനേഴ്സ് യൂണിയൻ ജനങ്ങൾക്കൊപ്പം മുൻപന്തിയിലുണ്ടായിരുന്നു. മഹത്തായ നമ്മുടെ ജീവകാരുണ്യ സേവനപാരമ്പര്യത്തിന്റെ ഭാഗമായി ഈ ദുർഘടസന്ധിയിലും ജനങ്ങളെ സഹായിക്കാൻ നമുക്ക് കഴിയണം. ആരോഗ്യവകുപ്പും സർക്കാരും ഏറ്റെടുത്തിട്ടുള്ള ജീവൻരക്ഷാപ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായമെത്തിക്കുന്നതിനുള്ള സർക്കാരിന്റെ അഭ്യർത്ഥന സുപ്രധാനമാണ്. സർക്കാർ ചുമതലപ്പെടുത്തിയ സംവിധാനങ്ങൾ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്നത്ര നേരത്തേ ഉദാരമായ സംഭാവനകൾ നേരിട്ട് നൽകണമെന്ന് എല്ലാപെൻഷൻകാരോടും കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻനായരും ജനറൽസെക്രട്ടറി ആർ.രഘുനാഥൻനായരും അഭ്യർത്ഥിച്ചു.

Related