ദേശീയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക


2019 ഡിസംബർ 20-ന് ചേർന്ന കെ. എസ്. എസ്. പി.യു. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയം

പാർലമെന്റിൽ പാസ്സാക്കി രാഷ്ടപതി ഒപ്പിട്ടു കഴിഞ്ഞ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇതുവരെ ദർശിച്ചിട്ടില്ലാത്തത്ര ശക്തമായ പ്രതിഷേധച്ചൂടിലാണ് ഇന്ത്യാരാജ്യം. എല്ലാ സംസ്ഥാനങ്ങളിലും പതിഷേധസമരങ്ങൾ നടക്കുകയാണ്. 8 വയസ്സുള്ള കുട്ടി ഉൾപ്പെടെ ഏതാനും പേരുടെ ജീവനെടുത്തുകൊണ്ട് പ്രക്ഷോഭസമരങ്ങളെ സർക്കാർ അടിച്ചമർത്തുകയാണ്. രാജ്യാന്തരതലത്തിലും പ്രതിഷേധം ഉയർന്നിരിക്കുന്നു. 

സാർവദേശീയ തലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർന്ന നിലയിൽ തുടരുന്നതു ഇന്ത്യ പുലർത്തുന്ന മതേതര നിലപാട് മൂലമാണ്. എല്ലാ മതങ്ങളെക്കാളും വലിയ മഹത്തായ ആദർശമാണ് മതേതരത്വം. 7 ദശവർഷത്തിലേക്കാലമായി ജനാധിപത്യവും മഹത്തായ ജനകീയ ഐക്യവും കാത്തുരക്ഷിക്കാൻ കഴിഞ്ഞത് എല്ലാ മതത്തെയും സഹിഷ്ണുതയോടെ ഉൾക്കൊള്ളാൻ പഠിപ്പിക്കുന്ന ഭരണഘടനയുടെ മതേതര സങ്കല്പ്മാണ്. ഇന്ത്യയിൽ അവകാശാനുകൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നതും സാമൂഹിക തിന്മകൾ ചെറുത്തു തോൽപ്പിക്കപ്പെടുന്നതും മതേതര കാഴ്ചപ്പാടോടെയാണ്. കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പ്രവർത്തിക്കുന്നത് മേൽപറഞ്ഞമഹത്തായ മതേതര കാഴ്ചപ്പാടോടെയാണ്. ജനങ്ങളുടെ പൗരത്വം നിർണയിക്കുന്നതും മറ്റു ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതുമെല്ലാം മതത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കാനുള്ള ഏതു ശ്രമത്തെയും ചെറുത്തു തോൽപ്പിക്കേണ്ടത് എല്ലാ വിഭാഗം ജനങ്ങളുടെയും കടമയാണ്.

ഇന്ത്യ കടുത്ത സാമ്പത്തിക തകർച്ചയെ നേരിടുകയാണ്. ബാങ്കിങ് രംഗത്ത് നടപ്പാക്കിയ പരിഷ്കാരങ്ങൾ, ഓഹരി വിറ്റഴിക്കൽ തുടരുന്നത്, റെയിൽവെ പോലുള്ള മേഖലകളിൽ നടപ്പാക്കുന്ന സ്വകാര്യവൽക്കരണ നടപടികൾ എന്നിവയെല്ലാം രാജ്യത്തിന്റെ സ്മ്പദ് വ്യവസ്ഥയെ തകർത്ത് തരിപ്പണമാക്കുകയാണ്. 150 തീവണ്ടികളും 50 റെയിൽവേ സ്റ്റേഷനുകളും സ്വകാര്യമേഖലയ്ക്ക് വിൽക്കാൻ തീരുമാനമായിക്കഴിഞ്ഞു. കോർപ്പറേറ്റുകൾ ആവശ്യപ്പെട്ട തൊഴിൽ നിയമ ഭേദഗതി ഇ.പി.എഫ്., ഗ്രാറ്റുവിറ്റി, ഇ.എസ്.ഐ. ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്നു. സ്ഥിരം തൊഴിൽ എന്നത് അവസാനിപ്പിച്ച് നിശ്ചിതകാല തൊഴിൽ സമ്പദായം നിലവിൽവരുന്നു. ഉടമ നിശ്ചയിക്കുന്ന ദിവസം തൊഴിലാളി പുറത്താകും. 2 കോടി തൊഴിൽ നൽകുമെന്നായിരുന്നു തിരഞ്ഞെടുപ്പ് വാഗ്ദാനം, എന്നാൽ തൊഴിലില്ലായ്മ 9.94 ശതമാനമായി ഉയർന്നു. ജോലിയുണ്ടായിരുന്ന 4.5 കോടി തൊഴിലാളികൾ തൊഴിൽരഹിതരായി. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ 28 ശതമാനമായി പൊതു മേഖലാ സ്ഥാപനങ്ങളുടെ വിൽപ്പന തുടരുന്നു. പ്രധാന പൊതു മേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം സ്വകാര്യവൽക്കരണപ്രക്രിയയിലാണ്. ഈ നടപടി 8 കോടി ഉപഭോക്താക്കളുടെ പാചകവാതകസബ്സിഡി ഇല്ലാതാക്കും. പതിനായിരം കോടി കുട്ടികളുടെ ഉച്ചഭക്ഷണം നൽകുന്ന പരിപാടി നിലയ്ക്കും. ഭാരത് പെട്രോളിയംകമ്പനി കഴിഞ്ഞവർഷം 25 കോടി രൂപയാണ് ക്ഷേമ പ്രവർത്തനങ്ങൾക്ക് ചിലവഴിച്ചത്. വ്യവസായക സ്ഥാപനങ്ങൾ അവരുടെ ലാഭത്തിന്‍റെ നിശ്ചിത വിഹിതം സാമൂഹിക സേവനത്തിന് വിനിയോഗിക്കണമെന്ന നിയമവും, നിയമം പാലിച്ചില്ലെങ്കിൽ ശിക്ഷയ്ക്ക് വിധേയമാകുമെന്ന് വ്യവസ്ഥയും ഒഴിവാക്കിയ സാഹചര്യത്തിൽ പ്രത്യേകിച്ചും മേൽപറഞ്ഞ ക്ഷേമപ്രവർത്തനം അവസാനിക്കും. ഇതെല്ലാം ചെയ്യുന്ന സർക്കാർ കോർപ്പറേറ്റ് പ്രീണനനയങ്ങൾ തീവ്രമായിത്തന്നെ തുടരുന്നു. 30 ശതമാനമായിരുന്ന കോർപ്പറേറ്റ് നികുതി 22 ശതമാനമായി കുറച്ചു. 14 ലക്ഷം കോടി രൂപയാണ് ഇതുമൂലം ഖജനാവിൽ വരാതായത്. ഉപഭോക്ത സൂചിക 40 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. വൈദ്യുതി മേഖല സമ്പൂർണമായും സ്വകാര്യവൽക്കരിക്കുന്നത് വൈദ്യുതിനിരക്ക് വർധിക്കുന്നതിന് ഇടയാക്കും. കർഷകരുടെ വിള ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്ന പ്രശ്നത്തിന് പരിഹാരമായിട്ടില്ല. കർഷകർക്ക് കടാശ്വാസവുമില്ല, താങ്ങുവിലയുമില്ല. ഒട്ടു മിക്ക ഗ്രാമങ്ങൾ മുഴുപ്പട്ടിണിയിലുമാണ്. സാമ്പത്തിക മാന്ദ്യം നേരിടുന്നതിനായി പ്രഖ്യാപിച്ച പാക്കേജുകളും ഫലത്തിൽ സാമ്പത്തിക തകർച്ചയ്ക്ക് ആക്കം കൂട്ടുന്നവയാണ്.  ജനവിരുദ്ധ നയങ്ങളുടെ ഫലമായി രാജ്യം നേരിടുന്ന മേൽപറഞ്ഞ സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള ഗൗരവതരമായ വിഷയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ വർഗ്ഗീയ ധ്രുവീകരണം തീവ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ പൗരത്വ ഭേദഗതി ബില്ലുമായി കേന്ദ്ര സർക്കാർ വന്നിരിക്കുന്നതെന്ന് തിരിച്ചറിയണം. ജനവിരുദ്ധ സാമ്പത്തിക നയങ്ങളെ ചെറുക്കുന്നതിനായി ഉയർന്നുവരുന്ന ജനകീയ സമരങ്ങളെ ശിഥിലീകരിക്കുന്നതിനുള്ള തന്ത്രവും ഈ നീക്കത്തിന്റെ പിന്നിലുണ്ട് ഇന്ത്യയുടെ മതേതര സ്വഭാവത്തെ തകർക്കുന്നതും രാജ്യത്തിന്റെ ശിഥിലീകരണത്തിന് ഇടയാക്കുന്നതുമായ ദേശീയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിച്ച് ദേശീയ രജിസ്റ്റർ തയ്യാറാക്കാനുള്ള നീക്കത്തിൽനിന്ന് പിന്തിരിയണമെന്നും കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്സ് യൂണിയൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നു.

Related